Category  |  odb

യേശുവിലുള്ള നവോത്ഥാനം

ലിയനാർഡോ ഡാവിഞ്ചി നവോത്ഥാന മനുഷ്യനാണ്. അദ്ദേഹത്തിന്റെ ബൗദ്ധികശേഷി വിവിധ മേഖലകളിൽ പുരോഗതിക്ക് കാരണമായി. എന്നിട്ടും ലിയനാർഡോ സങ്കടത്തോടെ എഴുതിയത് “നമ്മുടെ ഈ ദുരിത ദിനങ്ങൾ ... മനുഷ്യമനസ്സുകളിൽ നമ്മെക്കുറിച്ചുള്ള ഓർമ്മകളൊന്നും അവശേഷിപ്പിക്കുന്നില്ല” എന്നാണ്.

“ഞാൻ ജീവിക്കാൻ പഠിക്കുകയാണ് എന്ന് കരുതി എന്നാൽ യഥാർത്ഥത്തിൽ മരിക്കാൻ പഠിക്കുകയായിരുന്നു” എന്ന് ലിയനാർഡോ പറഞ്ഞു. അദ്ദേഹം മനസ്സിലാക്കാതെ തന്നെ ഒരു സത്യം പറയുകയായിരുന്നു. എങ്ങനെ മരിക്കാം എന്ന് പഠിക്കുന്നതാണ് ജീവിതത്തിന്റെ വഴി. യേശുവിന്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശനം (ഓശാന ഞായർ ആയി ആഘോഷിക്കപ്പെടുന്നത് - യോഹ. 12:12-19), കഴിഞ്ഞ് യേശു പറഞ്ഞു: “ഗോതമ്പുമണി നിലത്തുവീണ് ചാകുന്നില്ല എങ്കിൽ അത് തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും”(വാ. 24). യേശു തന്റെ ജീവിതത്തെക്കുറിച്ചാണ് ഇത് പറഞ്ഞത് എങ്കിലും നമ്മെ സംബന്ധിച്ചും ഇത് ശരിയാണ്: “തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും” (വാ. 25).

അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറയുന്നു: “അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും” (റോമർ 6:4,5).

തന്റെ മരണം വഴി യേശു നമുക്ക് വീണ്ടുംജനനം വാഗ്ദത്തം ചെയ്തു - ഇതാണ് യഥാർത്ഥ നവോത്ഥാനം. പിതാവിനോടൊത്തുള്ള നിത്യജീവന്റെ വഴി അവൻ നമുക്കായി രൂപപ്പെടുത്തി.

ദൈവത്തിന്റെ സാന്നിധ്യം

മൃണാളിനി പോരാട്ടങ്ങളെ നേരിടുകയായിരുന്നു. യേശുവിൽ വിശ്വസിക്കുന്ന വരായ സ്നേഹിതർ അവൾക്കുണ്ടായിരുന്നു, അവർ പോരാട്ടങ്ങളെ നേരിടുന്ന രീതി അവൾക്കിഷ്ടമായിരുന്നു. അവരെക്കുറിച്ച് അവൾക്കല്പം അസൂയയും തോന്നിയിരുന്നു. എന്നാൽ അവരെപ്പോലെ ജീവിക്കാൻ തനിക്കു കഴിയുമെന്നു മൃണാളിനി കരുതിയില്ല. യേശുവിൽ വിശ്വാസം അർപ്പിക്കുന്നത് നിയമങ്ങൾ അനുസരിക്കലാണെന്ന് അവൾ ചിന്തിച്ചിരുന്നു. ഒടുവിൽ, അവളുടെ ജീവിതം ദുഷ്കരമാക്കുകയല്ല ദൈവത്തിന്റെ ഉദ്ദേശ്യമെന്ന് ഒരു സഹപാഠി അവളെ ബോധ്യപ്പെടുത്തി. മറിച്ച്, അവളുടെ ജീവിതം ഉയർച്ച താഴ്ചകൾ ഉള്ളതായിരിക്കുമ്പോഴും അവളുടെ നന്മയാണ് ദൈവം ആഗ്രഹിക്കുന്നത്. ഇതവൾ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിക്കാനും തന്നോടുള്ള ദൈവസ്നേഹത്തിന്റെ അതിശയകരമായ സത്യത്തെ ആശ്ലേഷിക്കാനും അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.

സമാനമായ ഒരു ഉപദേശം മൃണാളിനിക്ക് നൽകാൻ ശലോമോൻ രാജാ വിനു കഴിയുമായിരുന്നു. ഈ ലോകത്തിന് അതിന്റേതായ ദുഃഖങ്ങളുണ്ടെന്ന കാര്യം അവൻ അംഗീകരിച്ചു. തീർച്ചയായും, “എല്ലാറ്റിനും ഒരു സമയം ഉണ്ട്’’ (സഭാപ്രസംഗി 3:1), “വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം” (വാ. 4). എന്നാൽ അതുകൊണ്ടു തീരുന്നില്ല. ദൈവം “നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു’’ (വാ. 11). അവന്റെ സാന്നിധ്യത്തിൽ ജീവിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു നിത്യതയാണത്.

മൃണാളിനി യേശുവിൽ വിശ്വസിച്ചപ്പോൾ യേശു പറഞ്ഞതുപോലെ, അവൾ “സമൃദ്ധിയായ’’ ജീവൻ നേടി (യോഹ. 10:10). എന്നാൽ അവൾ അതിലധികവും കരസ്ഥമാക്കി. വിശ്വാസത്താൽ “ഹൃദയത്തിൽ ദൈവം വെച്ച നിത്യത’’ (സഭാപ്രസംഗി 3:11)ജീവിത പോരാട്ടങ്ങളെ വിസ്മരിക്കുന്നതും (യെശയ്യാവ് 65:17) ദൈവത്തിന്റെ മഹത്വപൂർണ്ണമായ സാന്നിധ്യം ഒരു നിത്യ യാഥാർ ത്ഥ്യമായിത്തീരുന്നതുമായ ഒരു ഭാവിയുടെ വാഗ്ദത്തമായി മാറി. ഡേവ് ബ്രാനോൺ

ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!

കുഞ്ഞു ഗ്രഹാമിനെ അമ്മ മടിയിൽ പിടിച്ചിരുത്തി, ഡോക്ടർ അവന്റെ ചെവിയിൽ ശ്രവണസഹായി ഘടിപ്പിക്കുമ്പോൾ അവൻ ബഹളം വയ്ക്കുകയും കുതറുകയും ചെയ്തുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുശേഷം ഡോക്ടർ ഉപകരണം ഓൺ ചെയ്തപ്പോൾ അവൻ കരച്ചിൽ നിർത്തി. അവന്റെ കണ്ണുകൾ വിടർന്നു. അവൻ ചിരിച്ചു. അവനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും അവന്റെ പേരു വിളിക്കുകയും ചെയ്യുന്ന അമ്മയുടെ ശബ്ദം അവനു കേൾക്കാൻ കഴിഞ്ഞു.

കുഞ്ഞു ഗ്രഹാം അമ്മയുടെ ശബ്ദം കേട്ടു എങ്കിലും അവളുടെ ശബ്ദം തിരിച്ചറിയാനും വാക്കുകളുടെ അർത്ഥം മനസ്സിലാക്കുവാനും പഠിക്കുന്നതിന് അവനു സഹായം ആവശ്യമായിരുന്നു. സമാനമായ ഒരു പഠന പ്രക്രിയയിലേക്ക് യേശു ജനത്തെ ക്ഷണിക്കുന്നു. ഒരിക്കൽ ക്രിസ്തുവിനെ നാം രക്ഷകനായി സ്വീകരിച്ചു കഴിഞ്ഞാൽ, അവൻ ആഴമായി അറിയുകയും വ്യക്തിപരമായി വഴിനടത്തുകയും ചെയ്യുന്ന ആടുകളായി നാം മാറുന്നു (യോഹന്നാൻ 10:3). അവന്റെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും നാം പരിശീലിക്കുന്നതോടെ അവനിൽ ആശ്രയിക്കുന്നതിലും അവനെ അനുസരിക്കുന്നതിലും വളരാൻ നമുക്കു കഴിയും (വാ. 4).

പഴയ നിയമത്തിൽ, ദൈവം പ്രവാചകന്മാരിലൂടെ സംസാരിച്ചു. പുതിയ നിയമത്തിൽ, ജഡത്തിൽ വെളിപ്പെട്ട ദൈവമായ യേശു ജനത്തോടു നേരിട്ടു സംസാരിച്ചു. ഇന്ന്, യേശുവിലുള്ള വിശ്വാസികൾക്ക്, ബൈബിളിലൂടെ ദൈവം നമുക്കു നൽകിയിരിക്കുന്ന ദൈവത്തിന്റെ വാക്കുകൾ മനസ്സിലാക്കുവാനും അനുസരിക്കുവാനും നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കാൻ കഴിയും. യേശു തന്റെ വചനത്തിലൂടെയും തന്റെ ആളുകളിലൂടെയും നമ്മോടു സംസാരിക്കുമ്പോൾ തന്നേ, നമുക്ക് പ്രാർത്ഥനയിലൂടെ അവനോടു നേരിട്ടു സംസാരിക്കുവാനും കഴിയും. ദൈവത്തിന്റെ ശബ്ദം — അതെല്ലായ്പ്പോഴും ബൈബിളിലെ തന്റെ വചനത്തോട് പൊരുത്തപ്പെടുന്നതായിരിക്കും — നാം തിരിച്ചറിയുമ്പോൾ, “ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!’’ എന്ന് നന്ദിയോടും സ്തുതിയോടും കൂടി പറയുവാൻ നമുക്കു കഴിയും.

പ്രവൃത്തികളും സത്യവും

ഞാനും ഭർത്താവും വിവാഹിതരായ ശേഷം, എന്റെ മാതൃസഹോദരൻ എന്റെ കുടുംബത്തിന്റെ ചരിത്രം ഞങ്ങളോടു പറഞ്ഞു. എന്റെ മുത്തച്ഛൻ ഒരു സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വരുമാനം തന്റെ ഏഴു മക്കളെ പോറ്റാൻ പര്യാപ്തമായിരുന്നില്ലെന്ന് അമ്മാവൻ വിശദീകരിച്ചു. എന്നിട്ടും, തന്റെ മുതിർന്ന കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹം പണം ചിലവഴിച്ചു. ആ മക്കൾ പലപ്പോഴും തങ്ങളുടെ അമ്മാവന്മാരുടെയോ അമ്മായിമാരുടെയോ ഒപ്പം താമസിച്ചു കോളേജ് പഠനം നടത്തി. ഈ മുതിർന്ന കുട്ടികൾ സമ്പാദിക്കാൻ തുടങ്ങിയപ്പോൾ, അവർ തങ്ങളുടെ ഇളയ സഹോദരങ്ങളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ തുടങ്ങി. “ഞങ്ങൾ പരസ്പരം സഹായിക്കുന്നു,” അദ്ദേഹം പ്രോത്സാഹജനകമായി പറഞ്ഞു. “നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളുടെ അടുക്കൽ വരാമെന്ന് ഓർക്കുക. മറ്റുള്ളവർക്ക് ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കാനും തയ്യാറാകുക.”

തന്റെ ലേഖനത്തിൽ, “കുഞ്ഞുങ്ങൾ” എന്നു താൻ വിളിച്ചവർക്ക്, സമാനമായ ഒരു ഉപദേശം യോഹന്നാൻ നൽകുന്നു. അവൻ എഴുതുന്നു, “കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക” (വാ. 18). ഒന്നും മുറുകെപ്പിടിക്കാതെ നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തപ്പോൾ യേശു കാണിച്ച സ്നേഹത്തെക്കുറിച്ച് അവൻ നമ്മെ ഓർമ്മപ്പെടുത്തുന്നു (വാ. 16). വാസ്തവത്തിൽ, “സ്നേഹം എന്ത്” (വാ. 16)എന്നതു യേശുവിന്റെ പ്രവൃത്തിയാണെന്നു യോഹന്നാൻ പറയുന്നു. അതു മനസ്സിൽ വെച്ചുകൊണ്ട്, “ലോകത്തിലെ വസ്തുവക” (വാ.17) പരസ്പരം പങ്കിടാൻ യോഹന്നാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. ഒരു വിശ്വാസി “തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു” തനിക്കുള്ളതു പങ്കുവയ്ക്കാഞ്ഞാൽ, “ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?” എന്നു യോഹന്നാൻ ചോദിക്കുന്നു.

ഒരുവൻ തനിക്കുള്ളതു പൂഴ്ത്തിവെക്കുന്നതു വിവേകമാണെന്നു ലോകം നമ്മോടു പറയുന്നു. എന്നാൽ മറ്റുള്ളവരെ ശുശ്രൂഷിക്കാനായി നൽകപ്പെട്ടിരിക്കുന്ന ദാനങ്ങളാണിവയെന്നു വേദപുസ്തകം പറയുന്നു (1 പത്രൊസ് 4:10). ഒരു ബന്ധുവോ സുഹൃത്തോ സഹശിഷ്യനോ അപരിചിതനോ ആകട്ടെ, ആവശ്യത്തിലിരിക്കുന്ന ഒരുവനെ കണ്ടാൽ, നമുക്ക് അവരെ പ്രവൃത്തികളിലൂടെയും സത്യത്തിലും സ്നേഹിക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മിലുള്ള ദൈവത്തിന്റെ സ്നേഹം നാം മറ്റുള്ളവരോടു പ്രകടിപ്പിക്കുന്നു. 

മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുക

ആൽബ കുടുംബം അപൂർവ്വമായ ഒരു അനുഭവത്തിലൂടെ കടന്നുപോയി; 13 മാസത്തെ ഇടവേളയിൽ 2 തവണ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു! അവരുടെ ജോലിക്കിടയിൽ ഈ 4 കുഞ്ഞുങ്ങളെ വളർത്തുന്ന ജോലി എങ്ങനെയാണ് അവർ ചെയ്യുക? അവരുടെ കുടുംബത്തിലെയും ചുറ്റുവട്ടത്തെയും സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറായി. 2 പേരുടെയും മാതാപിതാക്കൾ ഓരോ ജോഡി കുഞ്ഞുങ്ങളെ പകൽ സമയത്ത് നോക്കിയതുകൊണ്ട് ദമ്പതികൾക്ക് ജോലിക്ക് പോകാനും ആരോഗ്യ ഇൻഷൂറൻസ് മുടങ്ങാതെ അടക്കാനും കഴിഞ്ഞു. ഒരു കമ്പനി ഒരു വർഷത്തേക്കുള്ള ഡയപ്പറുകൾ സൗജന്യമായി നല്കി. സഹപ്രവർത്തകർ അവരുടെ വ്യക്തിപരമായ അവധിദിനങ്ങൾ ഇവർക്ക് കൈമാറ്റം ചെയ്തു. “ഇവരെല്ലാം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്കിത് അസാധ്യമാകുമായിരുന്നു” എന്നവർ സമ്മതിച്ചു. ഒരു ടെലവിഷൻ ലൈവ് ഇന്റർവ്യൂ സമയത്ത് ഇന്റർവ്യൂ നടത്തിയവരിൽ ഒരാൾത്തന്നെ, കുതറിയോടിയ ഒരു കുഞ്ഞിനെ പിടിക്കാൻ മൈക്ക് ഇട്ടിട്ട് ഓടിയത്, സമൂഹത്തിന്റെ സേവനം വീണ്ടും തുടരുന്നു എന്നതിന്റെ ഉദാഹരണമായി!

മത്തായി 25:31-46 ൽ യേശു ഒരു ഉപമയിലൂടെ സമർത്ഥിക്കുന്നത് നാം മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലൂടെ ദൈവത്തെ ശുശ്രൂഷിക്കുകയാണ് എന്നാണ്. വിശക്കുന്നവർക്ക് ആഹാരം നല്കുക, ദാഹിക്കുന്നവന് കുടിക്കാൻ നല്കുക, അനാഥനെ വീട്ടിൽ സ്വീകരിക്കുക, നഗ്നന് വസ്ത്രം നല്കുക, രോഗിയെ ആശ്വസിപ്പിക്കുക (വാ. 35, 36) എന്നീ നന്മ പ്രവൃത്തികൾ വിവരിച്ച ശേഷം യേശു പറഞ്ഞവസാനിപ്പിക്കുന്നത്, “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു” (മത്തായി 25:40) എന്നാണ്.

നമ്മുടെ കാരുണ്യ പ്രവൃത്തികളുടെ ആത്യന്തിക സ്വീകർത്താവ് യേശുവാണ് എന്ന തിരിച്ചറിവാണ് നമ്മുടെ അയൽപക്കത്തും കുടുംബത്തിലും സഭയിലും ലോക ത്തെവിടെയും ഉള്ളവരെ സഹായിക്കുന്നതിനുള്ള ശരിയായ പ്രചോദനം. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ത്യാഗപൂർവ്വം ചെലവഴിക്കുമ്പോൾ നാം കർത്താവിനെ സേവിക്കുകയാണ്. മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ നാം ദൈവത്തെ സ്നേഹിക്കുകയാണ്.

ദൈവത്തിന്റെ കരങ്ങളിൽ

 

ഡ്രില്ലിന്റെ ശബ്ദം അഞ്ചുവയസ്സുകാരി സാറയെ ഭയപ്പെടുത്തി. അവൾ ദന്തഡോക്ടറുടെ കസേരയിൽനിന്നു ചാടിയിറങ്ങി, തിരികെ കിടക്കാൻ കൂട്ടാക്കിയില്ല. അവളുടെ ഭയം മനസ്സിലാക്കിയ ഡോക്ടർ അവളുടെ പിതാവിനോടു പറഞ്ഞു, “ഡാഡി, കസേരയിൽ കിടക്കൂ.’’ അതെത്ര എളുപ്പമാണെന്ന് അവളെ കാണിക്കാനാണ് ഡോക്ടർ ഉദ്ദേശിക്കുന്നതെന്നാണ് ജെയ്സൺ കരുതിയത്. അപ്പോൾ ഡോക്ടർ കൊച്ചു പെൺകുട്ടിയുടെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, “ഇനി മോൾ ഡാഡിയുടെ മടിയിൽ കയറിയിരിക്കൂ.’’ ഡാഡിയുടെ കൈകൾ അവളെ ചുറ്റിയപ്പോൾ അവൾ ശാന്തയാകുകയും ഡോക്ടർക്ക് തന്റെ ജോലി തുടരാൻ കഴിയുകയും ചെയ്തു.

ആ ദിവസം, തന്റെ സ്വർഗ്ഗീയ പിതാവിന്റെ സാന്നിധ്യം നൽകുന്ന ആശ്വാസത്തെക്കുറിച്ചുള്ള ഒരു വലിയ പാഠം ജെയ്സൺ പഠിച്ചു. “ചില സമയത്ത് നാം കടന്നുപോകുന്ന പ്രതിസന്ധികളെ ദൈവം എടുത്തുമാറ്റുന്നില്ല (അതിനു തനിയുകയില്ല)” അദ്ദേഹം പറഞ്ഞു. “എന്നാൽ ‘ഞാൻ നിന്നോടുകൂടെയുണ്ട്’ എന്നവൻ എനിക്കു കാണിച്ചുതരുന്നു.’’

പരിശോധനകളെ അഭിമുഖീകരിക്കുന്നതിനുള്ള ബലം നമുക്കു നൽകുന്ന ദൈവത്തിന്റെ ആശ്വാസദായക സാന്നിധ്യത്തെയും ശക്തിയെയും കുറിച്ച് സങ്കീർത്തനം 91 പറയുന്നു. അവന്റെ ബലമുള്ള കരങ്ങളിൽ നമുക്കു വിശ്രമിക്കാം എന്നറിയുന്നത് നമുക്ക് വലിയ ഉറപ്പാണു നൽകുന്നത്. “അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും’’ (വാ. 15) എന്നത് തന്നെ സ്നേഹിക്കുന്നവർക്കുള്ള അവന്റെ വാഗ്ദത്തമാണ്.

ജീവിതത്തിൽ ഒഴിവാക്കാനാവാത്ത അനവധി വെല്ലുവിളികളും പരിശോധനകളും നാം നേരിടുന്നു; വേദനയിലൂടെയും കഷ്ടതയിലൂടെയും നാം കടന്നുപോകേണ്ടിവരും. എന്നാൽ ദൈവത്തിന്റെ ധൈര്യപ്പെടുത്തുന്ന കരം നമ്മെ ചുറ്റിയിരിക്കുമ്പോൾ നമുക്കു നമ്മുടെ പ്രതിസന്ധികളെയും സാഹചര്യങ്ങളെയും സഹിക്കുവാനും, അവയിലൂടെ നാം വളരുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ അവനെ അനുവദിക്കുവാനും നമുക്കു കഴിയും. 

അതിരുകവിഞ്ഞ സ്നേഹം

നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ട് സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം... [ 1 പത്രൊസ് 2:12 ]

ഫ്ലൈറ്റിൽ എന്റെ അടുത്തിരുന്ന സ്ത്രീ തന്നെ പരിചയപ്പെടുത്തിയത് അവർ ഒരു മത വിശ്വാസിയല്ല എന്നാണ്. ധാരാളം ക്രിസ്ത്യാനികൾ താമസിക്കുന്ന ഒരു ടൗണിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്. അവിടെയുള്ള മിക്കവരും പള്ളിയിൽ പോകുന്നവരാണ് എന്നും പറഞ്ഞു. അയൽക്കാരുമായുള്ള ബന്ധത്തിന്റെ അനുഭവം ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ മഹാമനസ്കത പകരം നല്കാൻ കഴിയാത്തവിധം വലുതാണ് എന്നാണ്. അവളുടെ അവശനായ പിതാവിനെ ഈ സ്ഥലത്തേക്ക് കൊണ്ടുവന്നപ്പോൾ അയൽക്കാർ അവളുടെ വീടിന് ഒരു റാമ്പ് നിർമ്മിച്ച് നല്കുകയും ആശുപത്രിയിൽ ഒരു ബെഡും മറ്റ് സൗകര്യങ്ങളും സൗജന്യമായി ഏർപ്പാടാക്കുകയും ചെയ്തു. അവൾ വീണ്ടും പറഞ്ഞു:“ക്രിസ്ത്യാനിയാകുന്നത് ഒരാളെ ഇങ്ങനെ കരുണയുള്ളവനാക്കുമെങ്കിൽ എല്ലാവരും ക്രിസ്ത്യാനികളാകേണ്ടതാണ്.”

അവൾ പറഞ്ഞത് തന്നെയാണ് യേശു പ്രതീക്ഷിക്കുന്നത്! അവിടുന്ന് ശിഷ്യന്മാരോട് പറഞ്ഞു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16). പത്രൊസ് ക്രിസ്തുവിന്റെ ഈ കല്പന കേട്ട് മറ്റുള്ളവർക്ക് കൈമാറി: “ജാതികൾ ... നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം” (1പത്രൊസ് 2:12).

യേശുവിൽ വിശ്വസിക്കാത്ത നമ്മുടെ അയൽക്കാർക്ക് നമ്മുടെ വിശ്വാസം എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാകണമെന്നില്ല. അത് മാത്രമല്ല, അവർക്ക് മനസ്സിലാകാത്ത മറ്റൊരു കാര്യം കൂടിയുണ്ട് — നമ്മുടെ പരിമിതിയില്ലാത്ത സ്നേഹം. എന്റെ സഹയാത്രിക അതിശയത്തോടെ പറഞ്ഞ കാര്യം ‘അവരിൽ ഒരാൾ’ അല്ലാതിരുന്നിട്ടും ക്രിസ്ത്യാനികളായ അയൽക്കാർ അവളെ കരുതുന്നു എന്നതാണ്. യേശുവിനെ പ്രതിയാണ് അവളെ അവർ സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കി അവൾ ദൈവത്തിന് നന്ദി പറയുന്നു. അവൾ ഒരു വിശ്വാസി ആയെന്ന് വരില്ല, എന്നാൽ അവർ ചെയ്യുന്ന കാര്യത്തെ അവൾ കൃതജ്ഞതയോടെ ഓർക്കുന്നു. മൈക്ക് വിറ്റ്മെർ

 

സ്നേഹത്തിന്റെ അടുത്ത പടി

ഒരു എതിരാളിയെ സഹായിക്കുക എന്നത് എത്ര പ്രയാസമുള്ള കാര്യമാണ്! ഒരു റെസ്റ്റോറന്റ് ഉടമയായ, വിസ്കൊൻസിനിൽ താമസിക്കുന്ന, അഡോൾഫോ, കോവിഡ് കാലത്ത് പ്രയാസപ്പെടുന്ന മറ്റ് ചെറിയ റെസ്റ്റോറന്റ് ഉടമകളെ സഹായിക്കുന്നത് ഒരു അവസരമായി കണ്ടു. പകർച്ച വ്യാധിയുടെ കാലത്ത് ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകുന്നത് എത്ര പ്രയാസകരമാണെന്ന് അഡോൾഫോ മനസ്സിലാക്കി. മറ്റൊരു സഹായ സംരംഭം കണ്ട് പ്രോത്സാഹനം പ്രാപിച്ച അഡോൾഫോ തന്റെ സ്വന്തം പണം മുടക്കി 2,000 ഡോളർ വില വരുന്ന, സമീപ റെസ്റ്റോറന്റുകളിൽ ഉപയോഗിക്കാവുന്ന, ഗിഫ്റ്റ് കാർഡുകൾ വാങ്ങി തന്റെ കസ്റ്റമേഴ്സിന് വിതരണം ചെയ്തു. വാക്കിൽ അല്ല, പ്രവൃത്തിയിൽ പ്രകടമാകുന്ന സ്നേഹത്തിന് അത് ഒരു ഉദാഹരണമായി.

സ്വന്തജീവൻ മനുഷ്യനുവേണ്ടി അർപ്പിക്കാൻ മനസ്സായ യേശുവിന്റെ ആത്യന്തിക സ്നേഹത്തിന്റെ പ്രകടനം (1 യോഹ. 3:16) മാതൃകയാക്കി, സ്നേഹത്തെ അടുത്ത പടിയായ പ്രവൃത്തിയിലേക്ക് മാറ്റാൻ യോഹന്നാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. “സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കുന്നത്”(വാ.16) യേശുവിന്റെ അതേ സ്നേഹത്തിന്റെ പ്രദർശനമാണെന്ന് യോഹന്നാൻ പറയുന്നു. അത് അനുദിന ജീവിതത്തിൽ ഭൗതിക നന്മകൾ പങ്കുവെക്കുന്നതുപോലെയുള്ള പ്രായോഗിക കാര്യങ്ങളിലൂടെയാണ് അതു സാധ്യമാകുന്നത്. വാക്കുകൾ കൊണ്ട് സ്നേഹിച്ചിട്ട് കാര്യമില്ല; സ്നേഹം അർത്ഥവത്തായ ആത്മാർത്ഥ പ്രവൃത്തികളിലാണ് വെളിപ്പെടേണ്ടത് (വാ.18).

സ്നേഹം പ്രാവർത്തികമാക്കുന്നത് പ്രയാസകരമായ കാര്യമാണ്. കാരണം മററുള്ളവർക്കായി വ്യക്തിപരമായ ത്യാഗവും അസൗകര്യങ്ങളും ഒക്കെ അനുഭവിക്കേണ്ടിവരും. ദൈവാത്മാവ് ബലപ്പെടുത്തുന്നതു വഴിയും ദൈവത്തിന്റെ നമ്മോടുള്ള ഔദാര്യമായ സ്നേഹം ഓർക്കുന്നത് വഴിയും നമുക്കും സ്നേഹത്തിന്റെ ഈ അടുത്ത ചുവട് വെക്കാൻ കഴിയും. 

ദൈവം സഹായിക്കുന്നതുപോലെ സഹായിക്കുക

ന്യൂസിലാന്റ്കാരനായ ഓലേ കാസ്സോവ് സൈക്കിൾ സവാരി ഇഷ്ടപ്പെടുന്ന യാളാണ്. ഒരു ദിവസം രാവിലെ ഒരു വയോധികൻ തന്റെ വാക്കറുമായി ഒറ്റയ്ക്ക് ഒരു പാർക്കിൽ ഇരിക്കുന്നത് കണ്ട ഒലേയ്ക്ക് ഒരു ആശയം തോന്നി: പ്രായമായവർക്ക് ബൈക്ക് യാത്രയുടെ ആനന്ദം നല്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചാലോ? ഒരു തെളിഞ്ഞ പ്രഭാതത്തിൽ, വാടകക്കെടുത്ത ഒരു മുച്ചക്ര വണ്ടിയുമായി ഒരു നഴ്സിങ്ങ് ഹോമിലെത്തിയ ഓലേ, അവിടെയുള്ള ആർക്കും അതിൽ യാത്ര ചെയ്യാം എന്ന് പറഞ്ഞു. അവിടെയുള്ള വളരെ പ്രായമുള്ള അന്തേവാസിയും സ്റ്റാഫുമായ ഒരു മനുഷ്യൻ പ്രായത്തെ അവഗണിച്ച് ആദ്യത്തെ റൈഡർ ആയത് കണ്ട് ഓലേക്ക് അതിയായ സന്തോഷം തോന്നി. 

20 വർഷങ്ങൾക്കിപ്പുറം, സൈക്കിൾ സവാരി പ്രയാസമായ 5,75,000 -ത്തോളം വയോധികർക്കായി 25 ലക്ഷത്തോളം റൈഡുകൾ നടത്താൻ ഓലേയുടെ സ്വപ്ന പദ്ധതി പ്രയോജനപ്പെട്ടു. ഒരു സുഹൃത്തിനെ കാണാൻ, ഒരു ഐസ്ക്രീം കഴിക്കാൻ, ചുമ്മാ കാറ്റ് കൊണ്ട് പാറിപ്പറക്കാൻ ഒക്കെ അവർ യാത്ര ചെയ്തു. ഇത് പ്രയോജനപ്പെടുത്തിയവർ പറയുന്നത് അവർ ഇപ്പോൾ നന്നായി ഉറങ്ങുന്നു, നന്നായി ഭക്ഷണം കഴിക്കുന്നു, ഏകാന്തത കുറഞ്ഞു എന്നൊക്കെയാണ്. 

ഈ നല്ല കാര്യം യെശയ്യാവ് 58:10, 11 പറയുന്ന മനോഹര ദൈവവചനത്തെ അന്വർത്ഥമാക്കുന്നു: “... കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തിവരുത്തുകയും ചെയ്യുന്നുവെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലായ്പ്പോഴും നടത്തുകയും വരണ്ട നിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവു പോലെയും ആകും.” ദൈവം തന്റെ ജനത്തോട് പറഞ്ഞു: “നിന്റെ സന്തതി പുരാതന ശൂന്യങ്ങളെ പണിയും ...” (വാ. 12). അവൻ നമ്മിൽക്കൂടി എന്താണ് ചെയ്യുക? ദൈവം സഹായിക്കുമെന്നതിനാൽ, നമുക്ക് എപ്പോഴും മറ്റുളളവരെ സഹായിക്കാൻ ഒരുക്കമുള്ളവരാകാം. 

ആനന്ദകരമായ ആശ്രയം

മൃഗപരിപാലന കേന്ദ്രത്തിൽ ദയാവധത്തിനായി കരുതിയിരുന്ന റൂഡി എന്ന നായയെ ഒരു സ്ത്രീ രക്ഷിച്ച് തന്റെ വളർത്തുനായയാക്കി. 10 വർഷത്തോളം ലിന്റയുടെ കിടക്കക്കരികെ ശാന്തനായി ഉറങ്ങിയിരുന്ന റൂഡി ഒരു ദിവസം പെട്ടെന്ന് അവളുടെ അടുത്ത് ചെന്ന് അവളുടെ മുഖത്ത് നക്കി. ലിന്റ വഴക്കു പറഞ്ഞെങ്കിലും എല്ലാ രാത്രിയിലും റൂഡി ഇതേപോലെ ചെയ്തുകൊണ്ടിരുന്നു. “പിന്നീട് ഞാൻ ഇരിക്കുന്ന സമയത്തൊക്കെ അവൻ എന്റെ മുഖത്ത് നക്കിത്തുടങ്ങി,” ലിന്റ പറഞ്ഞു.

റൂഡിയെ ഒരു പെരുമാറ്റ പരിശീലന കേന്ദ്രത്തിൽ കൊണ്ടുപോകണം എന്നവൾ കരുതി. അപ്പോഴാണ് അവൾ ഓർത്തത്, റൂഡി എപ്പോഴും തന്റെ താടിയുടെ ഒരേ സ്ഥലത്ത് തന്നെയാണല്ലോ നിരന്തരമായി നക്കിക്കൊണ്ടിരുന്നത് എന്ന കാര്യം. ഇത് അസാധാരണമായി തോന്നിയ ലിന്റ, ചെറിയ ജാള്യതയോടെ ഒരു ഡോക്ടറെ കാണാൻ പോയി. ആ ഭാഗത്ത് ചെറിയ ഒരു റ്റ്യൂമർ (ബോൺ കാൻസർ) ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തി. ഇനിയും വൈകിയിരുന്നെങ്കിൽ അത് മാരകമായേനെ എന്നും ഡോക്ടർ പറഞ്ഞു. റൂഡിയുടെ സഹജവാസനയെ ആശ്രയിച്ചതിൽ ലിന്റക്ക് അപ്പോൾ അതിയായ സന്തോഷം തോന്നി.

ദൈവത്തിലുള്ള ആശ്രയം നമ്മെ ജീവനിലേക്കും ആനന്ദത്തിലേക്കും നയിക്കും എന്ന കാര്യം തിരുവെഴുത്ത് ആവർത്തിച്ച് പറയുന്നുണ്ട്. “യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും ..... ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ” (സങ്കീ. 40:4) എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ചില തർജമകളിൽ അതിങ്ങനെയാണ്: “കർത്താവിനെ തന്റെ ആശ്രയമാക്കുന്നവർ സന്തോഷമുള്ളവരാകും.” സങ്കീർത്തനങ്ങളിൽ സന്തോഷം എന്നത് നുരച്ചുപൊന്തുന്ന ആനന്ദത്തിന്റെ പ്രവാഹത്തെയാണ് കാണിക്കുന്നത്.

നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ അതിന്റെ ആത്യന്തികഫലം ആഴമേറിയ തനതായ സന്തോഷമാണ്. ഈ ആശ്രയം തനിയെ വരുന്നതല്ല, അതിന്റെ ഫലം എപ്പോഴും നാം സങ്കല്പിക്കുന്നത് ആയിരിക്കുകയുമില്ല. എന്നാൽ ദൈവത്തിൽ നാം ആശ്രയിക്കുന്നുവെങ്കിൽ, അങ്ങനെ ചെയ്തതിൽ നാം സന്തോഷമുള്ളവർ തന്നെയായിരിക്കും.